'ആറ് പേരടങ്ങുന്ന സംഘങ്ങൾക്ക് പബിലും റസ്റ്റോറന്റിലും പോകാം' - കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി വെയിൽസ്

Last Updated:

മെയ് 11ന് 30 പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് വെയിൽസിൽ റിപ്പോർട്ട് ചെയ്തത്. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കിയതാണ് കോവിഡ് വൈറസിനെ വരുതിയിലാക്കാൻ വെയിൽസിനെ സഹായിച്ചത്.

കോവിഡ് വൈറസ് വ്യാപനം കുറക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ വെയിൽസ്. മെയ് 17 മുതൽ രാജ്യത്തെ പബുകളിലും റസ്റ്റോറന്റുകളിലും ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡ് കേസുകളിൽ വലിയ കുറവുണ്ടായതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരാൻ ഭരണകൂടം തീരുമാനിച്ചത്. വിവിധ വീടുകളിൽ നിന്നുള്ള ആറു പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് വരെ പബുകളിലും റസ്റ്റോറന്റുകളിലും എത്തി ഭക്ഷണം കഴിക്കാനാകും എന്നാണ് വെയിൽസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.
മെയ് ആറിന് നടന്ന തെരഞ്ഞെടുപ്പിൽ സർക്കാരിന് നേതൃത്വം നൽകുന്ന ഫസ്റ്റ് മിനിസ്റ്റർ പദവിയിലേക്ക് മാർക്ക് ഡാർക്ക് ഫോർഡ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പു തന്നെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും എന്ന് പ്രഖ്യാപിച്ച അദ്ദേഹം ഭരണം നേടുന്നവരായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിൽ ഡാർക്ക് ഫോർഡിന്റെ ലേബർ പാർട്ടിക്ക് തന്നെ ഭരണത്തുടർച്ച ലഭിച്ചതോടെ തിങ്കളാഴ്ച മുതൽ തന്നെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ ബിസിനസ് സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായവും ഡാർക്ക് ഫോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
വീണ്ടും തുറക്കുന്നതിനും സാധാരണനിലയിലേക്ക് വ്യാപാരം മാറുന്നതിനുമായി അർഹതയുള്ള ബിസിനസ് സംരംഭങ്ങൾക്ക് 25,000 പൗണ്ട്‌ വരെ ധനസഹായം നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ അവസാനം വരെ ഈ പാക്കേജ് നൽകുമെന്നും മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
മെയ് 11ന് 30 പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് വെയിൽസിൽ റിപ്പോർട്ട് ചെയ്തത്. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കിയതാണ് കോവിഡ് വൈറസിനെ വരുതിയിലാക്കാൻ വെയിൽസിനെ സഹായിച്ചത്. വെയിൽസിന്റെ അയൽരാജ്യങ്ങളായ നോർത്തേൺ അയർലൻഡ്, സ്കോട്ട്ലാൻഡ് എന്നിവിടങ്ങളിലും കോവിഡ് വ്യാപനം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. സ്കോട്ട്ലാൻഡിൽ 238 പുതിയ കേസുകളും നോർത്തേൺ അയർലൻഡിൽ 89 പുതിയ കേസുകളുമാണ് ചൊവ്വാഴ്ച്ച റിപ്പോർട്ട് ചെയ്തത്.
advertisement
അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. നാല് ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. മരണനിരക്കും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 4205 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം തുടങ്ങിയ ശേഷം ഇത്രയേറെ മരണങ്ങൾ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആദ്യമാണ്.
advertisement
മിക്കയിടങ്ങളിലും മതിയായ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്ന സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. രാജ്യതലസ്ഥാനത്ത് പോലും നിരവധി ആളുകളാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. 37 ലക്ഷമാണ് ഇന്ത്യയിൽ നിലവിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം. കേരളത്തിൽ പോലും പ്രതിദിനം നാൽപ്പതിനായരത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആറ് പേരടങ്ങുന്ന സംഘങ്ങൾക്ക് പബിലും റസ്റ്റോറന്റിലും പോകാം' - കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി വെയിൽസ്
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement